canada jobs 2020


കൂട്ടിയിട്ടിരിക്കുന്ന പച്ച മണലിൽ ചാറ്റൽ മഴ അടിച്ചപ്പോഴാണ് ഗ്രാമത്തിന്റെ നൈർമല്യം തുളുമ്പുന്ന ആ മണം മൂക്കിൽ അരിച്ചു കയറിയത്.
സിമന്റ് മണമുള്ള ഈ മെട്രോ സിറ്റിയിൽ നിന്നു ഗ്രാമത്തിന്റെ  ഓർമകളിലേക്ക് ഒരു കൊള്ളിയാൻ പോലെയായിരുന്നു ആ മണം എന്നെ കൊണ്ടെത്തിച്ചത്.
പള്ളിയിലെ സുബഹി ബാങ്ക് വിളിയോട് കൂടിയും അമ്പലത്തിലെ സുപ്രഭാതതോടൊപ്പം കേട്ടുണരുന്ന കാസർഗോഡ് ജില്ലയിലെ തെയ്യങ്ങളുടെ നാടായ മൗക്കോട് ഗ്രാമം.
മുസ്ലിം പള്ളിയിലേക്ക് കാവിൽ നിന്നും തെയ്യം കയറിപ്പോകുന്ന ഗ്രാമം അത് കേരളത്തിൽ എന്റെ ഗ്രാമത്തിൽ മാത്രമാണ്  എന്നതിൽ തെല്ലു ഗർവുകൂടി എനിക്ക് ഉണ്ടെന്നു തോന്നുന്നു.

വീടിന്റ പുറകിലുള്ള പ്ലാവിൻ ചുവട്ടിൽ നിന്നും മണ്ണിര കിളച്ചെടുത്തു വളഞ്ഞും പുളഞ്ഞും ഗ്രാമത്തിന്റെ ഇടനെഞ്ചിലൂടെ ഒഴുകുന്ന പുഴയിൽ മീൻപിടിച്ചൊരു കുട്ടിക്കാലം,
സ്വാമികുന്നിൽ വിരിയുന്ന കാക്കപ്പൂവും തുമ്പപ്പൂവും വട്ടയില കുമ്പിളിൽ കൂട്ടുകാരൊത്തു പറിച്ചു നടന്നൊരു ഓണക്കാലം, ബീഡിപടക്കം പൊട്ടിച്ചു കൊണ്ട് പുലര്ച്ചക്കു കാവിലേക്കു വിഷുക്കണി കാണാൻ പോയ വിഷുക്കാലം..എന്റെ ഗ്രാമത്തിന്റെ നൈർമ്മല്യമുള്ള ഈ ഓർമ്മകൾ ഇന്നും തിരിച്ചു കിട്ടാത്ത ഒരു നിധിയായി മനസിന്റെ ഏതോ കോണിൽ കിടന്നു പിടയുന്നുണ്ട്.


സ്കൂൾ അവധിക്കാലത്താണ് ഗ്രാമം നമുക്കായി മടിത്തട്ടു വിരിക്കുന്നത്. ആ മടിത്തട്ടിലൂടെ കുട്ടികളായ നമ്മൾ  മതി വരുവോളം ഓടിക്കളിക്കും. റോഡിലൂടെ പോകുന്ന അനൗൺമെൻറ് ജീപ്പിനു പുറകെയും,  മണികെട്ടിയ ആനയുടെ പിറകെയും ആ ഓട്ടം തുടരും.  ഓടി വീണു കാൽ മുട്ട് പൊട്ടിയാൽ കമ്മ്യൂണിസ്റ് പച്ചയാണ് മരുന്നും.
തെങ്ങുകളും,  അടക്കമരവും,  പറങ്കിമാങ്ങാ മരവും, റബ്ബറുകളും ഗ്രാമത്തിന്റെ ഒരറ്റത്ത് തിങ്ങിക്കൂടി നിൽക്കുന്ന കാടുകളുമായി ഒരു രാജാവിനെപ്പോലെ തലയെടുപ്പോടുകൂടി നിൽക്കുന്ന മൗക്കോട് ഗ്രാമം.
സാമിയുടെ തോട്ടത്തിൽ നിന്നും അടക്ക മോഷ്ടിച്ചും, പാപ്പച്ചേട്ടന്റെ തോട്ടത്തിലെ കശുവണ്ടി മോഷ്ടിച്ചു അബ്‌ദുല്ലാക്കയുടെ കടയിൽ നിന്നും പത്തുപൈസയുടെ മുട്ടായി വാങ്ങി കഴിച്ച മധുരമുള്ള എന്റെ ഗ്രാമത്തിന്റെ ഓർമകൾ. ഏത് മതത്തിന്റെ ആഘോഷങ്ങൾ വന്നാലും ഗ്രാമവും, ഗ്രാമത്തിലെ ആൾക്കാരും ആഘോഷണങ്ങൾക്കു മുന്നിൽ തന്നെ ഉണ്ടാകും.  ഉണ്ണിയേശുവിനെയെയും  കൊണ്ട് കരോൾ ഗാനം പാടി ഓരോ വീടുകളിൽ പോയതും. പെരുന്നാക്ക് സൈനബ താത്താന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നു തന്ന  ബിരിയാണിയുടെ രുചിയും ഓർമയും ഇന്നും മനസ്സിലുണ്ട്.

ദാസേട്ടന്റെ ബാർബർ ഷോപ്പിൽ പോയി മുടി വെട്ടി. അവിടെ കിടക്കുന്ന സിനിമാമാസികകൾ കെഞ്ചി ചോദിച്  വീട്ടിൽ കൊണ്ട്  വന്ന്  സിനിമ നടൻമാരുടെ ചിത്രങ്ങൾ എഴുതി തീർത്ത ബുക്കുകളിൽ ഒട്ടിക്കുമായിരുന്നു.
അതുമാത്രമല്ല മാധവേട്ടന്റെ ചായക്കടയിലെ ഉണ്ടകായും വെള്ളച്ചായയുടെയും രുചിയൊന്നും അത്ര പെട്ടന്ന് മറക്കാൻ കഴിയില്ല.

തല്ലിയും നുള്ളിയും എന്നെ പഠിപ്പിച്ച മൗക്കോട് എൽ. പി  സ്കൂൾ ഗ്രാമത്തിന്റെ ഓർമ്മ പുസ്തകത്തിൽ നിന്നും അടർത്തിമാറ്റാൻ പറ്റാത്ത ഒരു  പേജാണ്.
അദ്രുമാൻ മാഷിന്റെ അടിയും സെബാസ്റ്യൻ മാഷിന്റെ നുള്ളിന്റെ ചൂടും തുടകളിൽ ഒരു ചെറിയ നീറ്റലായി ഇന്നും ഉണ്ട്. വെള്ള യൂണിഫോമിൽ പറങ്കി മാങ്ങ കറ പറ്റിയ അമ്മയുടെ അടിയുടെ ചൂടിൽ കണ്ണിൽ നനവ് പടർത്തിയ ബാല്യം. ഇന്നും മായാതെ മനസ്സിന്റെ ഒരു കോണിൽ ഒളിച്ചിരിക്കുന്നുണ്ട്.


പണ്ട് ഗ്രാമത്തിലേക്ക് ഒരു ബസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. പപ്പേട്ടൻ ഡ്രൈവർ ആയും രവിയേട്ടൻ കിളിയുമായ വിനായക ബസ്സ്.  കുഞ്ഞിലെ ആരാകണം എന്ന ടീച്ചറുടെ ചോദ്യത്തിനുള്ള ഉത്തരം  പപ്പേട്ടനെപോലെ ഒരു ഡ്രൈവർ ആകണം എന്നായിരുന്നു.  എന്നെപോലെ ഒരുപാട് കുട്ടികൾ ഇന്നും പപ്പേട്ടനെ പോലെ ഡ്രൈവർ ആകണം എന്ന് തന്നെയാണ് ഇപ്പോഴും പറയാറ്...

എന്റെ ഗ്രാമം ഒരുപാട് മാറിയിരിക്കുന്നു എന്നാലും ഇപ്പോഴും വിനായക ബസ്സ് ഒരു ഓർമയായി ഇന്നും ഓടിക്കൊണ്ടിരിക്കുന്നുണ്ട്.

മൗക്കോട് ഗ്രാമത്തിന്റെ കവലയിൽ  വൈകുനേരങ്ങളിൽ  ഒരു വടിയും കുത്തിപിടിച്ചിരിക്കുന്ന കണ്ണേട്ടനെ ഗ്രാമത്തിന്റെ ഓർമകളിൽ ഒരു വേദനയയോടെ മാത്രമേ ഇന്നും എനിക്ക് ഓർക്കാൻ കഴിയുന്നുള്ളു.
കണ്ണേട്ടൻ ഇന്ന് ഒരു ഓർമമാത്രമാണ്.
മൗക്കോട് ഗ്രാമത്തിന്റെ ഒരുപാട് ചരിത്രങ്ങൾ എനിക്ക് കണ്ണേട്ടൻ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു അതുപോലെ ഒരുപാട് കഥകളും. ചില വൈകുന്നേരങ്ങളിൽ ഞാൻ കണ്ണേട്ടന്റെ കൂടെയായിരിക്കും.. ഒരുപാട് കഥകളും ചരിത്രവുമായി സമയം കളയും.

ഗ്രാമത്തിലെ നമ്മൾ കുട്ടികൾ എല്ലാവരും വൈകുന്നേരങ്ങളിൽ  ഒത്തുകൂടുന്ന ഒരു സ്ഥലമുണ്ട് നമ്മുടെ സഖാവ് കാനാ കൃഷേട്ടന്റെ ഓർമയുടെ സ്മാരകമായ  പാർട്ടി ഓഫീസ്. ടിവി കാണുകയാണ് പ്രധാന ലക്ഷ്യം. ആദ്യമായി ഗ്രാമത്തിൽ ടീവി വന്നത് ജാനകി ഏച്ചിയുടെ വീട്ടിലും പിന്നെ പാർട്ടി ഓഫീസിലുമാണ്.
വൈകുന്നേരത്തെ കുളി കഴിഞ്ഞാൽ വെച്ച് പിടിപ്പിക്കും ടീവി  കാണാൻ.
സൂര്യ ടീവിയിൽ വൈകുന്നേരത്തെ സിനിമയും,  ശക്തിമാനും,  ജയ് ഹനുമാനും എല്ലാം നമ്മുടെ പ്രിയപ്പെട്ട പരിപാടികളായിരുന്നു.
ബാലസംഘവും,  ഓണപരിപാടിയും,  കാവിലെ ഉത്സവവും,  പള്ളിപെരുന്നാളും,  എല്ലാം കൊണ്ടും ആഘോഷങ്ങളുടെ മേളമായ എന്റെ പ്രിയപ്പെട്ട ഗ്രാമം,
മഴക്കാലവും,  വേനൽകാലവും,  മഞ്ഞുകാലവും സന്തോഷങ്ങളുടെ ഒരുപാട് വര്ണകാലഘട്ടവും കടന്നുപോയി..
ഇന്ന് ഗ്രാമം പതിയെ വികസനകളുടെ  വര്ണപ്പൊലിമയിലേക്കു  കാലെടുത്തു വെക്കുന്നു.
കണ്ണേട്ടൻ പറഞ്ഞു തന്ന മൗക്കോട് ഗ്രാമവും എന്റെ കുട്ടിക്കാലത്തെ ഗ്രാമവും ഒരുപാട് മാറിയിരിക്കുന്നു.
ഗ്രാമത്തിലെ ഓർമകളുടെ ചില  സ്മാരകങ്ങളിൽ ചിലതിൽ ക്ലാവ് പിടിച്ചിരിക്കുന്നു. കുറച്ചു ഗ്രാമത്തിൽ നിന്നും അപ്രിത്തിക്ഷമായിരിക്കുന്നു.

ഒരുപാട് മാറ്റങ്ങൾ വന്നാലും മാറാതെ നിൽക്കുന്ന മനുഷ്യത്വം വറ്റാത്ത ഒരുപാട് മനസ്സുകൾ ഉണ്ട് ഇന്നും ആ ഗ്രാമത്തിൽ.

ഓർമകളിൽ നിന്നും തിരികെ വന്നപ്പോഴേക്കും ചാറ്റൽ മഴ പതിയെ കനത്ത മഴയിലേക്ക് ഇഴകി ചേർന്നിരുന്നു........... 

Comments